ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി; 50കാരന് ദാരുണാന്ത്യം
ബസ് തട്ടി റോഡിൽ വീണ 50കാരന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. കല്ലുതേരി സ്വദേശി സക്കീർ ഹുസൈൻ ആണ് മരിച്ചത്.
കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു. മുക്കുന്നം കല്ലുതേരി സ്വദേശിയായ 50 കാരൻ സക്കീർ ഹുസൈനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ദർഭക്കാടിന് സമീപത്താണ് അപകടമുണ്ടായത്. ടിപ്പറും ബൈക്കും സ്വകാര്യ ബസും ഒരേ ദിശയിലാണ് എത്തിയത്. ടിപ്പറിനെ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ബൈക്കിൽ പിന്നാലെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളെയും ഓവർടേക്ക് ചെയ്യാനുള്ള ബസിൻ്റെ ശ്രമമാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ സക്കീർ ഹുസൈൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ സക്കീർ ഹുസൈൻ ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.
അമിത വേഗതയിൽ പാഞ്ഞ വാഹനങ്ങളിടിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6 പേരാണ് മരിച്ചത്. കോട്ടയം മണിപ്പുഴയിൽ എംസി റോഡിൽ കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയും ചീറിപ്പാഞ്ഞുവന്ന പിക്കപ്പ് വാൻ ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ചാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആണ് ഇവരുടെ സ്‌കൂട്ടറിനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്. പാലക്കാട് കൂറ്റനാട് ഇന്നലെ ഉച്ചയ്ക്ക് കാറിടിച്ചാണ് 19 വയസുള്ള ശ്രീപ്രിയ മരിച്ചത്. ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും പാഞ്ഞുവന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട ചെറുകോൽപ്പുഴയിൽ നിയന്ത്രണം വിട്ട കാർ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ച് വെള്ളിയറ സ്വദേശി ഉണ്ണികൃഷ്ണൻ മരിച്ചതും ഇന്നലെ ആയിരുന്നു. ഈ അപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ട്. ഒരു സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മലപ്പുറം താനൂരിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ താനൂർ കുന്നപ്പുറം സ്വദേശി ജെനീഷ് മരിച്ചതും ഇന്നലെ ആണ്.