കൊല്ലം കരവാളൂരിൽ അമ്പതുകാരനായ ജീവനക്കാരനെ ജോലി ചെയ്യുന്ന കടയുടെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ മുതൽ കാണാതായ രാജീവിനെ, ഫോൺ റിംഗ് ചെയ്ത ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
കൊല്ലം: അമ്പതുകാരനെ കടയ്ക്കു പിന്നിലായി മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ ശ്രീസായി ഏജൻസീയിലെ ജീവനക്കാരൻ കരവാളൂർ കറമ്പൻമുക്ക് മഠത്തുoകോണത്ത് വീട്ടിൽ രാജീവിനെ ആണ് കടയുടെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 11 മണി മുതലാണ് രാജീവനെ കാണാതായത്. ഉച്ചക്ക് ഭാര്യ പല തവണ ഫോണിൽ വിളിച്ചു നോക്കി എങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സഹോദരൻ്റെ ഭാര്യയെ വിളിച്ചു വിവരം അറിയിച്ചു.

കടയിൽ എത്തി തിരക്കിയപ്പോഴാണ് അവിടെയും രാജീവിനെ കുറെ നേരമായി കാണാൻ ഇല്ലന്ന് ഒപ്പമുള്ളവർ പറഞ്ഞത്. തുടർന്ന് രാജീവിൻ്റെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോൾ ഫോൺ റിംഗ് ചെയ്തു. ഫോൺ ശബ്ദിച്ച ഭാഗത്ത് എത്തി നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.


