തൃശൂരിലെ ലോഡ്ജ് മുറിയിൽ 56 വയസ്സുള്ള സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന തേഞ്ഞിപ്പാലം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി തന്നെയാണ് കൊലപാതക വിവരം പോലീസിൽ അറിയിച്ചത്.

തൃശൂർ: ലോഡ്ജ് മുറിയിൽ 56 ക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന തേഞ്ഞിപ്പാലം സ്വദേശി വിജേഷ് ( 41) എന്ന യുവാവിനെ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഹന്ന റെസിഡൻസി ലോഡ്ജിലാണ് ദാരുണമായ സംഭവം നടന്നത്. ധനലക്ഷ്മിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് വിവരം പുറത്തറിയുന്നത് . കുന്നംകുളം എസിപി യുടെ നിർദ്ദേശത്തെ തുടർന്ന് ചെറുതുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.