Asianet News MalayalamAsianet News Malayalam

ചാരിറ്റി സംഘടനയിൽനിന്ന് ധനസഹായം വാഗ്ദാനം നൽകി വയോധികയുടെ സ്വർണം അപഹരിച്ചു

വിദേശത്തെ ചാരിറ്റി സംഘടന വഴി ഭർത്താവ് മരിച്ച നിർധന വീട്ടമ്മമാർക്ക് രണ്ടുലക്ഷം രൂപ ധനസഹായം നൽകുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവർ വയോധികയെ സമീപിച്ചത്.

60 year old women cheated and looted gold by offering help from foreign charity organization etj
Author
First Published Feb 9, 2023, 8:00 AM IST

ആലപ്പുഴ: ചാരിറ്റി സംഘടനയിൽ നിന്ന് ധനസഹായം വാഗ്ദാനം നൽകി പട്ടാപ്പകൽ അറുപതുകാരിയുടെ സ്വർണം അപഹരിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് ആപ്പൂർ വെളിയിൽ ഷെരീഫയുടെ ആഭരണമാണ് കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പെൻഷൻ ആവശ്യത്തിന് കയർതൊഴിലാളി ക്ഷേമനിധി ഓഫിസിൽ പോയി വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്നതിനിടെ മാസ്ക് ധരിച്ചെത്തിയ ഒരാളാണ് കാര്യങ്ങൾ ധരിപ്പിച്ചത്. 

പ്രോത്സാഹനവുമായി മറ്റൊരാളും കൂടെയുണ്ടായിരുന്നു. വിദേശത്തെ ചാരിറ്റി സംഘടന വഴി ഭർത്താവ് മരിച്ച നിർധന വീട്ടമ്മമാർക്ക് രണ്ടുലക്ഷം രൂപ ധനസഹായം നൽകുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവർ വയോധികയെ സമീപിച്ചത്. രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാൻ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനൽകണമെന്ന് യുവാവ് ധരിപ്പിച്ചു. പിന്നീട് പണയം വെക്കാൻ സ്വർണം ആവശ്യപ്പെട്ട് ചിലരെ ഫോണിൽ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാൻ ഭർത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാൽപവനോളം വരുന്ന കമ്മൽ ഊരി ഇവര്‍ക്ക് നൽകുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെ പണം വാങ്ങാൻ സ്റ്റാൻഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസിൽ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. വയോധിക പണം വാങ്ങാൻ ചൊവ്വാഴ്ച രാവിലെ 9.30ന് സ്റ്റാൻഡിലെത്തി ഏറെനേരം കാത്തിരുന്നു. പിന്നാലെയാണ് തട്ടിപ്പിനിരയായതെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഭാരവാഹികളും വിഷയത്തിൽ ഇടപെട്ട് നോർത്ത് പൊലീസിൽ പരാതി നൽകി.

ചാരിറ്റി തട്ടിപ്പ്: പണം നൽകി കേസ് ഒത്തുതീർക്കാൻ പ്രതികളുടെ നീക്കം, കോടതിയെ സമീപിക്കാൻ പരാതിക്കാരിയോട് പൊലീസ്

Follow Us:
Download App:
  • android
  • ios