ഫെബ്രുവരി 17ന് രണ്ട് ലക്ഷം രൂപയുടെ മുതലാണ് മോഷ്ടിച്ചത്

മലപ്പുറം: മോഷണം പതിവാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മല്‍ വീട്ടില്‍ പി സി സുരേഷ് (64) ആണ് പിടിയിലായത്.

പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്‌. ഈ ഫെബ്രുവരി 17നാണ് മോഷണം നടന്നത്. പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കല്‍ സുനില്‍ കെ തോമസിന്‍റെ വീട്ടില്‍ നിന്നും സ്വർണ്ണവും പണവും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതൽ ഇയാൾ കവർന്നിരുന്നു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ രണ്ടു മാസക്കാലമായി നടന്ന അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് മലപ്പുറം കരുവാരക്കുണ്ടില്‍ നിന്നും പള്ളിക്കത്തോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ കോട്ടയം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളില്‍ ആ സ്ഥലങ്ങളില്‍ മോഷണം നടത്തി തിരികെ പോകുന്ന പതിവുള്ളയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം