ഏഴ് പേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുടെ തലയ്ക്ക് നിസാര പരിക്കുണ്ട്. 

കോഴിക്കോട്: ജങ്കാറിലേക്ക് കയറ്റാനായി പിറകിലേക്കെടുത്ത കാര്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീണ് യാത്രികര്‍ക്ക് നിസാര പരിക്കേറ്റു. ബേപ്പൂര്‍ ചാലിയത്തെ ജങ്കാര്‍ സര്‍വീസിലെ ചാലിയം കരയിലെ ഭാഗത്താണ് അപടം നടന്നത്. ഏഴ് പേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുടെ തലയ്ക്ക് നിസാര പരിക്കുണ്ട്. 

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് സംഭവമുണ്ടായത്. ജങ്കാറില്‍ കയറ്റുന്നതിനായി മാരുതി വാഗണ്‍ ആര്‍ കാര്‍ പിറകിലേക്കെടുക്കുകയായിരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഹനീഫയാണ് കാര്‍ ഓടിച്ചിരുന്നത്. ജങ്കാറിലേക്ക് കയറ്റുന്നതിന് പകരം ദിശ മാറി പുഴയിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ജങ്കാറിലുണ്ടായിരുന്ന കോസ്റ്റല്‍ പൊലീസ് എഎസ്‌ഐ രാജേഷും മറ്റുള്ളവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഹനീഫയെ കൂടാതെ മൂന്ന് സ്ത്രീകളും കുട്ടികളും കാറിലുണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് തന്നെ കരയ്‌ക്കെത്തിച്ചു. എല്ലാവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. കാര്‍ വെള്ളത്തില്‍ താഴ്ന്നു പോകാതിരിക്കാനായി കയറുപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരുന്നു. അഗ്നിരക്ഷാ സേനയും തീരദേശ പൊലീസും പിന്നീട് സ്ഥലത്തെത്തി കാര്‍ പുറത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...