തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.
കൊല്ലം: കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണം. പ്രതിസ്ഥാനത്ത് പൂവൻ കോഴി. റോഷൻ ആൻഡ്രൂസിന്റെ സിനിമയുടെ കാര്യമല്ല. സംഭവം കൊട്ടാരക്കര പൂയപ്പള്ളിയിൽ പൂവൻ കോഴി നടത്തിയ ആക്രമണത്തിന് ഇര ഒരു പാവം വയോധികയാണ്. പൂവൻകോഴിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വേണ്ടി വന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കോഴിയുടെ ആക്രമണം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കോഴി ജോയിസിന് മേൽ ചാടി കയറിയത്. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തി. അപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. ഓടി എത്തി കോഴിയെ ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലടക്കം കൊത്തേറ്റ ജോയിസിന്റെ മുറിവുകളിൽ 12 തുന്നൽ വേണ്ടി വന്നു. വീട്ടുകാർ പൂയപ്പള്ളിപൊലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാത്ത വിശാല മനസ്കനായ ജോയിസ് കോഴിയോട് ക്ഷമിക്കുകയായിരുന്നു. മുൻപും പൂവന്റെ കൊത്തിന് ഇരയാകേണ്ടി വന്നവർ തലനാരിഴയ്ക് രക്ഷപെട്ട സംഭവങ്ങളുണ്ട്.


