1988 ജനുവരി എട്ടാം തീയതി പുലര്‍ച്ചെയാണ് നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗസംഘം കവര്‍ച്ച നടത്തിയത്. അംബാസഡര്‍ കാറിലെത്തിയ ഇവര്‍ വാതിലുകളുടെ പൂട്ടുകള്‍ പൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും, 5544 രൂപയും മോഷ്ടിച്ചു.

കല്‍പ്പറ്റ: 1988-ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ്(76)നെയാണ് 13 വര്‍ഷം തടവിനും 16000 രൂപ പിഴയടക്കാനും അഡി. ജിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എല്‍. ജയവന്ത് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം കൂടി തടവ് അനുഭവിക്കണം. കേസില്‍ സുബൈര്‍, സുരേഷ് ബാബു, ആലിക്കുട്ടി, നസീര്‍ എന്നിവരെ പിടികൂടുകയും 1993ല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ല്‍ കോടതിയില്‍ കീഴടങ്ങുകയും ശിക്ഷിപ്പെടുകയും ചെയ്തു.

അബ്ദുല്‍ സമദിനെ 2024 ഒക്‌ടോബറിലാണ് പൊലീസ് പിടികൂടുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. ഈ കേസിൽ 40 ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ തെളിവിലേക്ക് ഹാജരാക്കുകയും മഹസ്സർ പ്രകാരം 21 വസ്തു വകകൾ സീസ് ചെയ്ത് കോടതി മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 1988 ജനുവരി എട്ടാം തീയതി പുലര്‍ച്ചെയാണ് നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗസംഘം കവര്‍ച്ച നടത്തിയത്. അംബാസഡര്‍ കാറിലെത്തിയ ഇവര്‍ വാതിലുകളുടെ പൂട്ടുകള്‍ പൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും, 5544 രൂപയും മോഷ്ടിച്ചു.

ശബ്ദം കേട്ടെത്തിയ രണ്ടു പേരെ കട്ടപാര കൊണ്ട് ആക്രമിക്കുകയും ചെയ്തു. അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടര്‍ന്ന്, ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ.ജി. ജെയിംസ് കേസേറ്റെടുക്കുകയും പിന്നീട് വന്ന ഡി.ഐ വിജയശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി.