എറണാകുളം പച്ചാളത്ത് 8.8 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൽപ്പറ്റയിൽ 2.33 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. 

കൊച്ചി: എറണാകുളം പച്ചാളത്ത് 8.8 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അക്ഷയ് (28) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം നോർത്ത് ഭാഗത്തെ മയക്കുമരുന്ന് വിതരണക്കാരുടെ മുഖ്യ കണ്ണികളിൽ ഒരാളാണ് പ്രതി. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി എം എ, സിവിൽ എക്സൈസ് ഓഫീസറുമാരായ ഫെബിൻ എൽദോസ്, ജിഷ്ണു മനോജ്, ജിബിനാസ് വി എം, അമൻദേവ് സി ജി എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യുടെ നേതൃത്വത്തിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 2.33 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി ഇർഷാദ് കെ (32), പൊഴുതന മുത്താറിക്കുന്ന് സ്വദേശി അൻഷിൽ പി (22) എന്നിയവരെയാണ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി എ ഉമ്മർ, പ്രിവന്‍റീവ് ഓഫീസർ കെ എം ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ് എസ് എൽ, സനൂപ് സി കെ, മുഹമ്മദ് മുസ്തഫ ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ പി പി, സൂര്യ കെ വി എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.