മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നിൽ വിക്രമൻ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിക്രമൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളത്തിൽ കാൽതെറ്റി വീണതിനെ തുടർന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മഴയില്‍ മുങ്ങി തലസ്ഥാനനഗരം
ഒറ്റ രാത്രി പെയ്ത മഴയിൽ മുങ്ങിയിരിക്കുകയാണ് തലസ്ഥാനനഗരം. പല പ്രദേശങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഉള്ളൂരിലും കുമാരപുരത്തും വെള്ളക്കെട്ടിൽ പുറത്തിറങ്ങാനാകാതെ ജനം ദുരിതത്തിലാണ്. അട്ടക്കുളങ്ങരയിൽ സ്മാർട്ട് റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യമാണ്. രാത്രി പെയ്ത കനത്ത മഴയിലാണ് നഗരം വെള്ളത്തിലായത്.
കരിന്തോട് കവിഞ്ഞ് ഒഴുകിയതോടെ മുക്കോലയ്ക്കിൽ വലിയ വെള്ളക്കെട്ടുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ഉള്ളൂർ ശ്രിചിത്ര നഗറിലെ വീടുകളിലും വെള്ളം കയറി. പലവീടുകളിലും വീട്ടുസാധനങ്ങൾ നശിച്ചു പോയിട്ടുണ്ട്. കുമാരപുരത്ത് മഞ്ചാടി നഗറിൽ നൂറിലധികം കുടുംബങ്ങളാണ് മഴയില്‍ ദുരിതത്തിലായത്. അമൃത് പദ്ധതിയുടെ പേരിൽ അഞ്ച് വർഷമായി കുത്തിപൊളിച്ചിട്ട റോഡിൽ ഒരാൾപ്പൊക്കത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്.
നഗരമധ്യത്തിൽ അട്ടക്കുളങ്ങരിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിൽ സ്മാർട്ട് റോഡിനായെടുത്ത കുഴികളിലും വെള്ളം നിറഞ്ഞു. കുഴികൾ തിരിച്ചറിയാതെ കൂർത്ത കമ്പികൾ നിറഞ്ഞ റോഡിൽ പതിയിരിക്കുന്നത് വൻ അപകടമാണ്. കഴക്കൂട്ടം കുളത്തൂർ എസ്എം നഗറിലെ വീടുകളിലും വെള്ളം കയറി. തോടുകൾ വൃത്തിയാക്കിയിട്ടില്ല, കുഴികൾ മൂടിയിട്ടില്ല. മഴക്കാലപൂർവ്വ ശുചീകരണം എങ്ങുമെത്താതിന്റെ വലിയ അപായ സൂചനയാണ് മഴക്കാലത്തിന് മുമ്പ് തന്നെ നഗരത്തിൽ കാണുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഗവി മൂഴിയാർ നാൽപ്പതിന് സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും തിരുവനന്തപുരത്തും മലയോരമേഖലയിലേക്ക് രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്.

