പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പേരമകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസുള്ള കാർത്യായനി ആണ് മരിച്ചത്. പേരമകൻ റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. തലക്ക് ഗുരുതരമായി പരിക്കേറ്റ് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു. വയോധികയെ മർദിച്ച കേസിൽ റിജുവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കൂടെ താമസിക്കുന്ന വിരോധത്തിൽ മർദിച്ചുവെന്നാണ് കേസ്. ഇന്ന് ഒന്‍പത് മണിയോടെയാണ് മരണം സംഭവിച്ചത്. 

കൂടെത്താമസിക്കുന്നു എന്ന വിരോധത്തിൽ പയ്യന്നൂരിലെ കണ്ടങ്കാണിയിലെ വീട്ടിൽ വെച്ച് പേരമകൻ റിജു ഇവരെ ചവിട്ടി വീഴ്ത്തുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഹോം നഴ്സിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കാര്‍ത്യായനിയുടെ കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് കയ്യിലെ തൊലി ഉരിഞ്ഞുപോയിരുന്നു. ഇതിന് ശേഷം ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുളിമുറിയിൽ വീണു എന്നാണ് ഈ ബന്ധുക്കള്‍ പറഞ്ഞത്.

പിന്നീട് ഡോക്ടര്‍മാരാണ് മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കാണുകയും പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തത്. തുടര്‍ന്നാണ് പേരമകനെതിരെ കേസെടുത്ത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News