ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി കോംപൗണ്ടിൽ ഇന്നുണ്ടായത്. റോഡരികില്‍ നിര നിരയായി പശുക്കള്‍ ചത്ത നിലയിലായിരുന്നു.

കൊച്ചി: എറണാകുളം അമ്പലമേടിൽ ചീറി പാഞ്ഞ് വന്ന ടോറസ് പശുക്കളെ ഇടിച്ച് തെറിപ്പിച്ചു. അഞ്ച് പശുക്കൾ ചത്തു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഒരു പശുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും ഒടുവിൽ വിഫലമായി.

എറണാകുളത്തെ അമ്പലമേട് ഇന്നുണർന്നത് സങ്കട കാഴ്ച കണ്ടാണ്. റോഡിനിരുവശവുമായി നാല് പശുക്കളുടെ ജഡങ്ങൾ, വേർപെട്ട് ചിതറിയ കൊമ്പുകൾ, ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ മരണത്തോട് മല്ലിടുന്നൊരു മിണ്ടാപ്രാണി. ഉറ്റവരുടെ അടുക്കൽ നിന്ന് മാറാതെ മറ്റൊരു മിണ്ടാപ്രാണി. തൊട്ടടുത്ത എഫ്എസിറ്റി കൊമ്പൗണ്ടിൽ നിന്നും നേരം പുലരുമുന്നെ നിരത്തിലിറങ്ങിയതാണ് ഈ മിണ്ടാപ്രാണികള്‍. പുലർച്ചെ അഞ്ചെമുക്കാലിന് വാഹനം ഇടിച്ച് തെറിപ്പിച്ചു. നാല് പശുക്കൾ അപ്പോൾ തന്നെ ചത്തു. ഒന്നിന് ആയുസ് രണ്ട് മണിക്കൂർ കൂടി നീണ്ടു.

എട്ട് മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണം ഊർജിതമായി. ഇടിച്ചത് ടോറസ് വാഹനമെന്ന് തിരിച്ചറിഞ്ഞു. നിരത്തിൽ തിരക്കേറും മുന്നെ ജെസിബിയെത്തി പശുകളുടെ ജഡങ്ങൾ നീക്കി.

YouTube video player