അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും തടിലോറിയിലിടിച്ച മിനി ലോറിയുമാണ് മറ്റ് വാഹനങ്ങള്‍ക്ക് തടസമാകുന്ന തരത്തില്‍ കിടക്കുന്നത്.
അമ്പലപ്പുഴ: അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ദേശീയ പാതയോരത്ത് നിന്ന് നീക്കം ചെയ്യാത്തത് വീണ്ടും അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയില്‍ നാട്ടുകാര്‍. ദേശീയ പാതയോരത്ത് കാക്കാഴം, നീര്‍ക്കുന്നം പ്രദേശങ്ങളിലാണ് വീണ്ടും വലിയ ദുരന്തത്തിന് വഴി വെച്ച് വാഹനങ്ങള്‍ റോഡരികില്‍ കിടക്കുന്നത്. കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് ഭാഗത്തായി അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളാണ് യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് കിടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ഏപ്രില്‍ 20ന് തടിലോറിയിലിടിച്ച മിനി ലോറിയുമാണ് മറ്റ് വാഹനങ്ങള്‍ക്ക് തടസമാകുന്ന തരത്തില്‍ കിടക്കുന്നത്.
സാധാരണ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്. അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസമാകാത്ത തരത്തില്‍ റോഡരികില്‍ നിന്ന് നീക്കിയിടും. എന്നാല്‍ ഇവിടെ രണ്ട് വാഹനങ്ങളും റോഡിനോട് ചേര്‍ന്നു തന്നെയാണ് കിടക്കുന്നത്. മിനി ലോറി പാലത്തിന്റെ ഇറക്കത്തില്‍ തന്നെ കിടക്കുന്നത് വടക്കു ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് കാഴ്ചാ തടസമാകുന്നുണ്ട്. ഈ വാഹനം കിടക്കുന്നത് മൂലം സമീപത്തെ കടകളിലേക്ക് ആര്‍ക്കും കയറാന്‍ കഴിയാത്ത അവസ്ഥയുമായി. ഒരാഴ്ച കഴിയുമ്പോള്‍ സ്‌കൂള്‍ തുറക്കുന്നതോടെ കാക്കാഴം സ്‌ക്കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.
നീര്‍ക്കുന്നം ഇജാബ മസ്ജിദിന് കിഴക്കു വശം ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ ഇപ്പോഴും ദേശീയ പാതയോരത്തു തന്നെയാണ് കിടക്കുന്നത്. ഇതിലുടെ കാല്‍ നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായി. എതിരെ വാഹനം വന്നാല്‍ ഈ ഭാഗത്തേക്ക് മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. അപകടത്തില്‍പ്പെട്ട ഇത്തരം വാഹനങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

