കറുകച്ചാലിൽ 14കാരി ഓടിച്ച വാഹനം ഇടിച്ച് 41 കാരൻ മരിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് ആന്‍റണിക്കെതിരെ പൊലീസ് കേസെടുത്തു.
കോട്ടയം: കോട്ടയത്ത് പ്രായപൂത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടം (Accident) പതിവായതോടെ പരിശോധന കർശനമാക്കി പൊലീസ് (Police). ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ രക്ഷിതാക്കൾ നടപടി നേരിടേണ്ടി വരും. കറുകച്ചാലിൽ വിദ്യാർത്ഥിനി ഓടിച്ച വാഹനമിടിച്ച് 41 കാരൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയുടെ പിതാവിനെതിരെ കേസെടുത്തിരുന്നു. ലൈസൻസില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് വിദ്യാർത്ഥിയെ ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു.
കറുകച്ചാലിലെ അപകടത്തിൽ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ആന്‍റണിക്കെതിരെ പൊലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകളാണ് വാഹനമോടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹോദരങ്ങൾക്കും പരിക്കേറ്റിരുന്നു. പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈസൻസ് ഇല്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. വിദ്യാർഥികൾ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടം വർധിച്ചതിനെ തുടർന്നാണ് പൊലീസ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിന്‍റെ മറവില്‍ 'ന്യൂജെന്‍ ലഹരി' വില്‍പന; കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട
കണ്ണൂരിൽ (Kannur) വീണ്ടും മയക്കുമരുന്ന് വേട്ട. പടന്നപാലത്ത് നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽഎസ്ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളും (Drug Seized) പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വർഷങ്ങളായി ഇന്‍റീരിയൽ ഡിസൈനിങ് കടയുടെ മറവിൽ ബൽക്കീസും ബന്ധുവും ചേർന്ന് ലഹരി വിൽപ്പന നടത്തുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഴുപ്പിലങ്ങാട് സ്വദേശികളായ ബൽക്കീസിനെയും ഭർത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എംഡിഎമ്മുമായി പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാർസലിൽ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബൽക്കീസിനെയും ഭർത്താവിനെയും കൂടാതെ ഇവരുടെ ബന്ധുവും പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തിൽ വ്യക്തമായ പങ്കുണ്ട്.
തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സ്ഥിരമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായത്. പിന്നാലെ ബൽക്കീസ് ജോലി ചെയ്യുന്ന പടന്നപാലത്തെ കടയിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 207 എൽഎസ്‍ഡി സ്റ്റാമ്പും ലഹരിഗുളികകളും കണ്ടെത്തി. ഇന്‍റീരിൽ ഡിസൈനിങ് കടയുടെ മറവിൽ ഇവർ വർഷങ്ങളായി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നത് നിസാമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഒളിവിൽ പോയ ഇവർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. നിലവിൽ ഇവർക്കെതിരെ 4 കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടു പേരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
