തിരുവനന്തപുരം മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച പ്രതി പിടിയിലായി. ആര്യനാട് സ്വദേശി അഖിൽ കൃഷ്ണദേവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണം വാരാഘോഷത്തിന്‍റെ സമാപന ദിവസമായിരുന്നു സംഭവം.

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് വയലരികത്ത് വീട്ടിൽ അഖിൽ കൃഷ്ണദേവിനെയാണ് (25) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.

ഓണം വാരാഘോഷത്തിന്‍റെ സമാപനത്തിന് ശേഷം മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്ന ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എസ്എപി ക്യാംപിലെ സിപിഒ ശ്രീജിത്തിനെയാണ് പ്രതി ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ചത്. പൊലീസുകാരന്‍റെ അടുത്തെത്തിയ അഖിൽ കൃഷ്ണദേവ് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഹെൽമെറ്റ് ഉപയോഗിച്ച് തലയ്‌ക്കേറ്റ അടിയിൽ ശ്രീജിത്തിന് പരിക്കേറ്റു. പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.