വയനാട് പള്ളിവയൽ ഊരിലെ വയോധികയുടെ മരണത്തിൽ ഒരു തുമ്പുമില്ലാതെ പൊലീസ്. പള്ളിവയല്‍ ഊരിലെ തങ്കി മൊരത്തിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു. ഇവരുടെ കൊച്ചുമകൻ സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ ഊരിലെ തങ്കി മൊരത്തിയെന്ന 67കാരിയെ കാണാതായിട്ട് ഒരുമാസം പിന്നിടുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. വയോധികയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ ഇവരുടെ കൊച്ചുമകനായ സുധീഷിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയായിരുന്നു സുധീഷിന്റെ ആത്മഹത്യ. ഈ സംഭവത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി തെരച്ചില്‍ നടത്തിയെങ്കിലും തങ്കി മൊരത്തിയെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കി ദുരൂഹത നീക്കണമെന്ന ആവശ്യം പള്ളിവയലില്‍ ശക്തമായിരിക്കുകയാണ്.
ജൂലൈ 30 മുതലാണ് തങ്കി മൊരത്തിയെ ഊരില്‍നിന്ന് കാണാതാകുന്നത്. കുടുംബം സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നാട്ടുകാരുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ പ്രദേശവും സമീപത്തെ വനമേഖലയും പലതവണ അരിച്ചുപെറുക്കി പരിശോധന നടത്തുകയും ചെയ്തു. പക്ഷെ തങ്കി മൊരത്തിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് തങ്കി മൊരത്തിയുടെ മകളുടെ മകനായ സുധീഷ് എന്ന മുരളിയെ കാണാതാകുന്നത്.
നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ സുധീഷിനെ സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വയോധികയെ കണ്ടെത്താനുള്ള അന്വേഷണത്തിനൊപ്പം സുധീഷിന്റെ മരണത്തിലും ചോദ്യങ്ങളുയരുകയാണ്.
പൊലീസ് നായ, ഫോറന്‍സിക് വിഭാഗം, ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും നേരിട്ടും പരിശോധനകള്‍ നടത്തിയിട്ടും തങ്കി മൊരത്തിയെക്കുറിച്ച് വിവരമൊന്നും പൊലീസിന് ലഭിക്കാത്തത് പ്രദേശവാസികളില്‍ ആശങ്കയേറ്റുകയാണ്. വടക്കനാട് - പള്ളിവയല്‍ പ്രദേശം വിട്ട് പുറത്തുപോകാത്ത ആളാണ് പ്രായമായ തങ്കി മൊരത്തിയെന്നും ഇവരുടെ തിരോധാനത്തിലെങ്കിലും വ്യക്തതവരുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.


