മോഷ്ടാവിനെ പൊലീസിന് കാണിച്ചുകൊടുത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 

തിരുവനന്തപുരം: മോഷ്ടാവിനെ പൊലീസിന് കാണിച്ചുകൊടുത്തതിലെ വൈരാഗ്യം മൂലം ജനറൽ ആശുപത്രിക്ക് സമീപം കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 5,10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധികം തടവനുഭവിക്കണം. ബീമാപള്ളി സ്വദേശി ഷെഫീക്കിനെ കൊലപ്പെടുത്തിയ കേസിൽ അക്ബർ ഷായെയാണ് കോടതി ശിക്ഷിച്ചത്. ഏഴാം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

2023 ഏപ്രിൽ 6നായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ അക്ബർ ഷായെ വഞ്ചിയൂർ പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെഫീക്ക് സ്ഥിരമായി കിടന്നുറങ്ങുന്ന ഹോട്ടലിന്റെ മുന്നിലെത്തിയ പ്രതി ഷെഫീക്കുമായി വാക്കുതർക്കമുണ്ടാവുകയും സമീപത്ത് കിടന്ന ഇന്റർലോക്ക് കട്ട കൊണ്ട് ഷെഫീക്കിന്റെ തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.