ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ്‍ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ രീതി.
കൊച്ചി: പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31) ആണ് പിടിയിലായത്. പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ്‍ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ രീതി.
ഇപ്രകാരം 2 കേസുകൾ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ ജയൻ കെ.എസിന്റെ നേതൃത്വത്തിൽ എസ് ഐ സിബി.ടി.ദാസ്, എസ് ഐ മനോജ്, എസ്ഐ ബിജോയ്കുമാർ, സിപിഒ ബിബിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വർക്കല നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ്, പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ പുത്തൻവീട്ടിൽ സജീബ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ പുത്തൻചന്ത ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്ക് മോഷ്ടിച്ച ശേഷം പ്രതികൾ നമ്പർ പ്ലേറ്റ് നിരീക്ഷണ കാമറകളിൽ പതിയാത്ത വിധത്തിൽ മറച്ചുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ ഫവാസിനെതിരെ വധശ്രമത്തിനും ആംഡ് ആക്ട് പ്രകാരവും കഠിനംകുളം സ്റ്റേഷനിൽ കേസുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

