Asianet News MalayalamAsianet News Malayalam

പള്ളിയില്‍ മോഷണം, ചോദ്യം ചെയ്യലിനിടെ തെളിഞ്ഞത് മറ്റൊരു മോഷണം; റോമിയോയെ പൊലീസ് പിടികൂടിയത് തൃശൂരിൽ നിന്ന്

കാട്ടിക്കുളം സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളിയിലെ ഓഫീസില്‍ അതിക്രമിച്ചു കയറി 14,000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാള്‍ പിടിയിലായത്. 

accused in theft case questioned and revealed more information on another theft youth arrested
Author
First Published Aug 29, 2024, 9:04 AM IST | Last Updated Aug 29, 2024, 9:04 AM IST

തിരുനെല്ലി: പള്ളിയില്‍ മോഷണം നടത്തി മുങ്ങിയ യുവാവിനെ തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ നിന്ന്  പിടികൂടി. മുള്ളന്‍കൊല്ലി എടമല കിഴക്കനേത്ത് വീട്ടില്‍ റോമിയോ (27)യെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ പതിനെട്ടിന്  കാട്ടിക്കുളം സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളിയിലെ ഓഫീസില്‍ അതിക്രമിച്ചു കയറി 14,000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാള്‍ പിടിയിലായത്. 

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും 2023 നവംബറില്‍ കാട്ടിക്കുളം കരുണാഭവന്‍ വൃദ്ധ സദനത്തില്‍ നിന്നും 22000 രൂപ വില മതിക്കുന്ന മൂന്ന് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചു. ഇത് മാനന്തവാടിയിലുള്ള മലഞ്ചരക്ക് കടയില്‍ വിറ്റുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  റോമിയോ പുല്‍പള്ളി സ്റ്റേഷന്‍ പരിധിയില്‍ നാല് മോഷണക്കേസുകളിലും മാനന്തവാടി, കേണിച്ചിറ സ്റ്റേഷനുകളിലായി ഓരോ കളവുക്കേസിലും വൈത്തിരി സ്റ്റേഷനില്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. 

തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി. ബേബിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സജിമോന്‍ പി. സെബാസ്റ്റ്യന്‍, പി. സൈനുദ്ധീന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ മെര്‍വിന്‍ ഡിക്രൂസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.ടി. സരിത്ത്, എം. കെ. രമേശ്, പി.ജി. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് റോമിയോയെ തൃശ്ശൂരില്‍ നിന്നും പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios