രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടരകിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍

തിരുവനന്തപുരം: രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടരകിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. സ്‌കൂട്ടറില്‍ രണ്ടര കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരുമ്പോഴാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വലയിലായത്. 

പോത്തന്‍കോട് വാവറ അമ്പലത്ത് നിന്നും വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിനു സമീപമുള്ള താഴ്ന്ന പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. 

ഇതിനിടയില്‍ എക്‌സൈസ് ഓഫിസര്‍ ആരോമല്‍ രാജിന് പരിക്കേല്‍ക്കുകയും ചെയ്തു. വളരെക്കാലമായി ജില്ലയില്‍ ഉടനീളം പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. റെജിയെ കൂടാതെ പാങ്ങപ്പാറ മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ദേവകുമാറിനെ (21) 60 ഗ്രാം കഞ്ചാവുമായി പിടിച്ചു. ചെങ്കോട്ടുകോണം അനന്ദീശ്വരം എന്ന ഭാഗത്ത് സ്‌കൂടറില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ എസ് വി നിഥിനെയും അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Read more: കൊച്ചിയിൽ ബൈക്ക് മോഷ്ടിച്ച് സുഹൃത്തിന് ഓടിക്കാൻ കൊടുത്തു, കറങ്ങി നടന്ന് പൊലീസിന്റെ വലയിൽ, ഒടുവിൽ മോഷ്ടാവും

അതേസമയം ചേർത്തലയിൽ 35 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായി. തിരുവല്ല സ്വദേശി റോഷൻ, ചങ്ങനാശേരി സ്വദേശി ഷാരോൺ എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകളുണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.