ആലപ്പുഴ സബ്ബ് ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് രണ്ട് പൊലീസുകാർ ഇയാളെ ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വരികയായിരുന്നു
കായംകുളം: റിമാന്‍ഡ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരും മറ്റും ചേർന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടി. പിടികൂടുന്നതിനിടെ ഇയാളുടെ അക്രമത്തിൽ മൂന്നു പൊലീസുകാർക്ക് പരുക്ക്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ജോഷി (30) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരിയിൽ സി പി എം ബൂത്ത് ഓഫീസ് കത്തിച്ച കേസിൽ മണ്ണഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ സബ്ബ് ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് രണ്ട് പൊലീസുകാർ ഇയാളെ ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെ ട്രെയിൻ കായംകുളത്ത് നിർത്തുന്നതിനായി വേഗത കുറച്ചപ്പോഴാണ് പ്രതി ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്ലാറ്റ് ഫോമിലൂടെ ഓടിയ ഇയാളെ കൂടെയുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ അക്രമിച്ചു. എന്നാൽ പൊലീസും ആർ പി എഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടിച്ച് കായംകുളം പൊലീസിന് കൈമാറി. താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ അവിടെ വച്ചും ഇയാൾ പൊലീസിനെ അക്രമിച്ചു. എ എസ് ഐ ഓമനക്കുട്ടൻ, പൊലീസുകാരായ അൻവർ, പ്രവീൺ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ട്. കായംകുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
