'കുത്തിയത് മലയാളം സംസാരിക്കുന്നയാൾ', ഈ മൊഴി നിര്‍ണായകമായി, അതിഥി തൊഴിലാളിയെ കൊന്ന കേസിൽ പ്രതി പിടിയിൽ
അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ
ഹരിപ്പാട്: അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് (27) പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
ഓംപ്രകാശിനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയാറാകാത്തതിനെ തുടർന്ന് യദുകൃഷ്ണൻ ഇയാളെ കുത്തി പരുക്കേൽപ്പിച്ച ശേഷം സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ ആളുകളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മുൻപും പല കേസുകളിൽ പ്രതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം