17 -കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 22 കാരൻ മാവേലക്കരയിൽ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. മാവേലിക്കര സ്വദേശിയായ 17 -കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് പ്രതിയായ കൊല്ലം കൊട്ടാരക്കര തുടയന്നൂര്‍ വാഴവിളവീട്ടില്‍ വിഷ്ണു ടി (22) പിടിയിലായത്.
പെൺകുട്ടി 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുമ്പോൾ 2020 മെയ് മാസത്തിൽ ഫേസ്ബുക്ക് വഴി പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടു. തുടർന്ന് പല തവണ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തി കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ പീഡനത്തിൽ ഗർഭിണിയായ കുട്ടി ഇയാളുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. തുടർന്ന് കൊല്ലം റൂറൽ ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയതനുസരിച്ച് കൊല്ലം ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തിൽ പാർപ്പിക്കുകയും മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ് പി, എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് ഉച്ചയോടെ കൊല്ലം കടയ്ക്കലിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more: കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതികൾ കർണാടകയിൽ പിടികൾ
അതേസമയം, സ്കൂൾ പഠനകാലത്ത് 14 വയസ്സുകാരിക്ക് നേരെ ട്യൂഷൻ അധ്യാപകൻ ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്.
ട്യൂഷൻ സമയത്തെ പീഡനം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്യുകയും, ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെൺകുട്ടിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
