തൊടുപുഴയിൽ ഓൺലൈൻ കോടതി ചേരുമ്പോൾ നഗ്നതാ പ്രദർശനം, വക്കീലിനെതിരെ കേസ്
ഒരു കേസിലെ വാദി ഭാഗത്തിന് വേണ്ട് ഹാജരായ വക്കീലാണ് കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് കോടതി ജീവനക്കാർ പരാതിപ്പെട്ടിരിക്കുന്നത്.
മുട്ടം: ഓൺലൈനിലൂടെയുള്ള കോടതി നടപടികൾ തുടരുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തിൽ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സെപ്തംബർ രണ്ടിന് രാവിലെ നടന്ന കേസിനിടയിലാണ് പരാതിക്ക് ആസ്പദമായ സംഭവം.
കൊല്ലം ബാറിലെ അഭിഭാഷകനായ ടി കെ അജനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു കേസിലെ വാദി ഭാഗത്തിന് വേണ്ട് ഹാജരായ വക്കീലാണ് കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് കോടതി ജീവനക്കാർ പരാതിപ്പെട്ടിരിക്കുന്നത്.
കേസ് വാദിക്കുന്നതിനിടെ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ശബ്ദം ഉയർന്നത് കോടതി നടപടി തടസം വരുത്തുന്നതായി തോന്നിയ കോടതി അജന്റെ മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ അജൻ നഗ്നതാ പ്രദൃശനം നടത്തിയെന്നാണ് കോടതി ജീവനക്കാരുടെ പരാതി. മുട്ടം പൊലീസ് സ്റ്റേഷനിലാണ് കോടതി ജീവനക്കാരി പരാതി നൽകിയത്.
ജീവനക്കാരിയുടെ പരാതിയിൽ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായുമാണ് മുട്ടം പൊലീസ് വിശദമാക്കുന്നത്. കോടതി നടപടിയുടെ റെക്കോർഡിംഗ് അടക്കമുള്ളവ അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം