മരം മുറിച്ചു കളയാന്‍ നിയമപരമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞതിനു പിന്നാലെ പത്തനാപുരം താലൂക്ക് ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി

കൊല്ലം: സര്‍ക്കാര്‍ വകുപ്പുകള്‍ ഉന്നയിക്കുന്ന സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് സ്വന്തം പുരയിടത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഒരു യുവാവിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന റവന്യുമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു. മരം മുറിച്ചു കളയാന്‍ നിയമപരമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞതിനു പിന്നാലെ പത്തനാപുരം താലൂക്ക് ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി സാമുവലിന്‍റെ പുരയിടം പരിശോധിച്ച് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയത്. 

പരാതിയിലെ ന്യായം ബോധ്യപ്പെട്ടെന്നും മരം മുറിക്കാനുളള അനുമതി വൈകാതെ ലഭിക്കുമെന്നുമുളള ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സാമുവല്‍. പട്ടയ ഭൂമിയായതിനാല്‍ മരം മുറിക്കാനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെങ്കിലും ഇനി ഇതിന് കാലതാമസമുണ്ടാകില്ലെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സാമുവൽ, ഒപ്പം ഏഷ്യാനെറ്റ് ന്യൂസും.