ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റുകളിട്ടത്
ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ (sriram venkitaraman) ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്‌സ് ആക്ടിവേറ്റാക്കിയില്ല. ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റുകളിട്ടത്. ഈ സമയം ശ്രീറാമിന്‍റെ ഭാര്യ ഡോ. രേണുരാജായിരുന്നു കളക്ടര്‍. കമന്റുകള്‍ അതിര് വിട്ടതോടെ കളക്ടര്‍ ഫേസ്ബുക്കിലെ കമന്‍റ് ബോക്സ് പൂട്ടിക്കെട്ടി.
പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശന കമന്‍റുകള്‍ നിറഞ്ഞു. ഒടുവിൽ ബുധനാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്‍റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്ത് പൂട്ടിക്കെട്ടുകയായിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാര്‍ച്ച് നടക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന മാര്‍ച്ചില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള കളക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിന്‍റെ ആദ്യഘട്ടമായാണ് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീന്‍ ഹാജി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. കളക്ടറായുള്ള ശ്രീറാമിന്‍റെ നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്ന സംശയം ഉന്നയിച്ചു കൊണ്ടാണ് സുന്നി സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്.
കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിച്ചയാളുമാണ് എന്നിരിക്കെ പ്രതിക്ക് ഉന്നത വിധി ന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കിയത് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും. സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെം കേരള മുസ്ലിം ജമാഅത്ത് നേതാവ് എസ് ശറഫുദ്ദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Retrograde Amnesia : എന്താണ് റെട്രോഗ്രേഡ് അംനേഷ്യ? ലക്ഷണങ്ങൾ എന്തൊക്കെ?
റെട്രോഗ്രേഡ് അംനേഷ്യ (retrograde amnesia) എന്ന രോഗാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയാണ് സമൂഹത്തിൽ വീണ്ടും റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് കേൾക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് കെ എം ബഷീറെന്ന മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിനുശേഷം ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. അപകടത്തെക്കുറിച്ച് ശ്രീറാമിന് ഓർമയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാദം. ഇപ്പോഴിതാ, വീണ്ടും ചർച്ചകളിൽ നിറയുന്ന റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് അറിയാം…
