Asianet News MalayalamAsianet News Malayalam

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പെൺകുട്ടി, സ്കൂളിൽ പോകാതിരിക്കാൻ കള്ളം പറഞ്ഞതെന്ന് സംശയം

സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ഞെട്ടിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Alappuzha police suspects molestation complaint by plus two girl was fabricated
Author
Alappuzha, First Published Nov 6, 2021, 1:17 PM IST

ആലപ്പുഴ: സ്‌കൂളിൽനിന്നു വരുന്ന വഴി തന്നെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് (Molestation) പെൺകുട്ടിയുടെ പരാതിയിൽ വഴിത്തിരിവ്. തന്നെ അഞ്ച് പേർ ചേർന്ന്  പീഡിപ്പിച്ചെന്നുള്ള പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് (Fabricated) സംശയം. പെൺകുട്ടിക്ക് സ്‌കൂളിൽ പോകാനുള്ള മടി കാരണം കള്ളം പറഞ്ഞതാണെന്നാണ് പൊലീസ് (Police) അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 

കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചില്ല. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞത്. ഇതറിഞ്ഞതോടെ ഞെട്ടിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സിസിടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയി‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടു. 

രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഫോൺ കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ ഫോൺ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios