Asianet News MalayalamAsianet News Malayalam

ജലനിരപ്പ് ഉയർന്നു, ആളിയാർ ഡാം തുറന്നേക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

ആളിയാർ ഡാം ജലനിരപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ 1049.30 അടിയിൽ എത്തിയിരുന്നു

aliyar dam may open today night caution alert
Author
First Published Nov 29, 2022, 6:19 PM IST

പാലക്കാട്: ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം രാത്രിയോടെ തുറക്കാൻ സാധ്യതയെന്ന് പാലക്കാട് ജില്ലാ ഇൻഫ‍ർമേഷൻ ഓഫീസ് അറിയിച്ചു. ആളിയാർ ഡാം ജലനിരപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ 1049.30 അടിയിൽ എത്തിയിരുന്നു. ഇതിനാൽ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

അതേസമയം കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാകുകയാണ്. മധ്യ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4 - 5 ദിവസം ഒറ്റപെട്ട  ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഇന്ന് അഞ്ച് ജില്ലകളിൽ മഴ ജാഗ്രത നി‍ർദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

ബംഗാൾ ഉൾകടലിൽ വീണ്ടും ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം മഴ സാധ്യത, 5 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശം

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും ഉണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഓ‍ർമ്മിപ്പിച്ചു.

Follow Us:
Download App:
  • android
  • ios