സ്വത്ത് തർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മയായ ലീനാമണിയെ കൊലപ്പെടുത്തിയെന്ന കേസിൽ നാല് പ്രതികളെയും കോടതി വെറുതെവിട്ടു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ഭർത്താവിന്‍റെ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം എന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
തിരുവനന്തപുരം: സ്വത്ത് തർക്കത്തിന്‍റെ പേരിൽ വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാരും സഹോദരന്‍റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ നാലു പ്രതികളെയും കോടതി വെറുതേവിട്ടു. വർക്കല അയിരൂർ കളത്തറ എം.എസ്. വില്ലയിൽ താമസിച്ചിരുന്ന ലീനാമണി (53) കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി വിധി. 2023 ജൂലൈ 16-നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരി സരസുവിനും പരിക്കേറ്റിരുന്നു. ലീനാമണിയുടെ ഭർത്താവ് ഷാൻ എന്ന സിയാദിന്‍റെ സഹോദരന്മാരായ കളത്തറ ഷഹ്ന മൻസിലിൽ ഷാജി (46), അയിരൂർ എസ്.എൻ. വില്ലയിൽ അബ്ദുൽ അഹദ് (42), കളത്തറ സെയ്യദലി ഹൗസിൽ മുഹ്സിൻ (52), അഹദിന്‍റെ ഭാര്യ റഹീന (34) എന്നിവരാണ് കുറ്റവിമുക്തരായത്.
സിയാദിന്‍റെ പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തുകയും ആയുധങ്ങൾ ഉപയോഗിച്ച് ലീനാമണിയെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ലീനാമണിയോടൊപ്പം പരിക്കേറ്റ വീട്ടുജോലിക്കാരി സരസുവായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷി. സംഭവസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ലീനാമണിയെയും സരസുവിനെയും അയൽവാസികൾ വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീനാമണി പിന്നീട് മരിച്ചു. പിന്നാലെയാണ് ബന്ധുക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രധാനപ്പെട്ട തെളിവുകളുടെ അഭാവവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജോലിക്കാരിയായ സരസുവിന്‍റെ മൊഴിപോലും കൃത്യമായിരുന്നില്ലെന്ന് പ്രതിഭാഗം പറയുന്നു. സാക്ഷിമൊഴി വിശ്വാസത്തിലെടുക്കാൻ കോടതിക്ക് കഴിഞ്ഞില്ല. ഭർത്താവിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ കൊല ചെയ്തെന്ന് പറയുമ്പോൾ ഭർത്താവിന് സ്വത്തായി ഒന്നുമില്ലെന്ന് പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു. തെളിവായി പ്രോസിക്യൂഷന് ഒന്നും ഹാജരാക്കാനും കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ പറയുന്നു. തുടർന്നാണ് നാലു പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടത്.


