സ്വന്തം പിതാവിനെ നിരന്തരം മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മകനോട് വീട് വിട്ടുപോകാൻ കുന്നംകുളം കോടതി ഉത്തരവിട്ടു. ലഹരി വിൽപ്പന ചോദ്യം ചെയ്തതിനാണ് 78 കാരനായ സൈമനെ മകൻ ജോബി മർദ്ദിച്ചത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഭക്ഷണം നൽകാനെത്തിയ ബന്ധുവിനെയും ഇയാൾ ശല്യപ്പെടുത്തിയിരുന്നു.

തൃശൂർ: സ്വന്തം പിതാവിനെ നിരന്തരമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മകനോട് വീട് വിട്ടുപോകാൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽ. ജയന്തൻ ഉത്തരവിട്ടു. കുന്നംകുളം പാറേമ്പാടം വടക്കെത്തലക്കൽ സൈമനെ (78) മർദ്ദിച്ച മകൻ ജോബി (46) യോടാണ് വീട്ടിൽ നിന്നും പുറത്തുപോകാൻ കോടതി നിർദേശിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് കുന്നംകുളം പോലീസിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ജോബിയെ വീട്ടിൽ നിന്നും പുറത്താക്കി.

നേരത്തെ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് പിതാവ് സൈമനെ മർദ്ദിച്ചതിന് ജോബിക്കെതിരെ കുന്നംകുളം പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ജോബി മർദ്ദനം തുടരുകയായിരുന്നു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ സഹിതം മാസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത ജോബി ഹാൻസ് വിൽപ്പന നടത്തിയ കേസിലും ജാമ്യമെടുത്തിട്ടുള്ള കുന്നംകുളം പോലീസിന്റെ നോട്ടപ്പുള്ളിയാണ്.

ഭക്ഷണം നൽകാത്തതിൽ ജില്ലാ കളക്ടറുടെ ഇടപെടൽ

വീട്ടിൽ ഭക്ഷണം നൽകാൻ മകൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് സൈമൺ തൃശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2026 ജനുവരി 31-ന്, ജോബി മാസം തോറും 3,000 രൂപ വീതം സൈമണ് ചെലവിന് നൽകണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അതോടൊപ്പം, സൈമണ് ദിവസവും ഭക്ഷണം എത്തിച്ചുനൽകാൻ മറ്റ് മക്കൾക്കും ബാധ്യതയുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കളക്ടറുടെ ഉത്തരവ് പ്രകാരം സൈമണിന് ഭക്ഷണം നൽകാനായി വീട്ടുപറമ്പിൽ എത്തിയ മറ്റൊരു മകനായ തമ്പിയുടെ ഭാര്യ റിയയേയും ജോബി ശല്യപ്പെടുത്തിയിരുന്നു. നിരന്തരമുള്ള ഉപദ്രവം സഹിക്കാനാവാതെ റിയ അഡ്വ. സി.ബി. രാജീവ് മുഖാന്തിരം സമർപ്പിച്ച ഹർജിയിലാണ് കുന്നംകുളം കോടതിയുടെ ഈ നിർണായക ഉത്തരവ്.

സൈമന്റെ ഭാര്യ ബേബി നാല് വർഷം മുമ്പ് മരണപ്പെട്ടതാണ്. സൈമണ് മൂന്ന് ആൺമക്കളാണുള്ളത്.