കൊച്ചി വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്‌ക്കൊപ്പം അധികം ഗ്രേവി ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഗ്രേവിക്ക് 20 രൂപ അധികം നൽകണമെന്നറിയിച്ചതോടെ യുവാവ് ഹോട്ടലുടമയെയും കൗണ്ടറിലെ സ്ത്രീയെയും മർദ്ദിക്കുകയായിരുന്നു
കൊച്ചി: എറണാകുളം വൈപ്പിനിൽ ഇരുപത് രൂപയുടെ ഗ്രേവിയെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലിൽ പൊറോട്ട പാഴ്സൽ വാങ്ങാനെത്തിയ ജിബി യുവാവ് അധികമായി ഗ്രേവി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയതോടെ യുവാവ് പ്രകോപിതനാകുകയും ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ യുവാവ് ഹോട്ടൽ ഉടമയെ കൈയ്യേറ്റം ചെയ്യുകയും തടയാൻ ശ്രമിച്ച സ്ത്രീയെ മർദിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ പരിക്കേറ്റവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ ഇനിയും പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാജ പെയ്മെന്‍റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
അടുത്തിടെ എറണാകുളം കളമശ്ശേരിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വ്യാജ പെയ്മെന്‍റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിലായി എന്നതാണ്. ക്യു ആർ കോഡ് വഴി പണം നൽകിയെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങുന്നതിനിടയിലാണ് സംഘം പിടിയിലായത്. ഹോട്ടലുകൾ, ലോഡ്ജുകൾ, തുണിക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറേദിവസങ്ങളായി കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ കറങ്ങിയ ക്യു ആർ കോഡ് തട്ടിപ്പ് സംഘമാണ് പൊലീസിന്‍റെ വലയിലായത്. കടകളിൽ സംഘമായി കയറുക, കൗണ്ടറിൽ വ്യാജ പെയ്മെന്‍റ് ആപ് ഉപയോഗിച്ച് പണം നൽകിയെന്ന് കാണിച്ച് മുങ്ങുക. ഇതാണ് ഇവരുടെ രീതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിൽ ലുബാന, റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകളിൽ താമസിച്ച ശേഷം ഇതേ രീതിയിൽ പണം നൽകാതെ മുങ്ങുന്നതും സംഘത്തിന്‍റെ പതിവാണ്. ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപത്തെ ഹോം സ്റ്റോയിൽ 1000 രൂപ നിരക്കിലുള്ള രണ്ട് മുറികൾ രണ്ട് ദിവസം വാടകക്കെടുത്തും ഈ സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 4000 രൂപ വാടക നൽകിയതായി വ്യാജ പെയ്മെന്‍റ് ആപ്പിലൂടെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലുബാന, റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പ് സംഘത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഇടപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.


