പഴയ കാമ്പസ് ഓര്‍മകളുടെ വസന്തവുമായി തൃശൂര്‍ വിമല കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പൂര്‍വ അധ്യാപകര്‍ക്കൊപ്പം ഒത്തുചേര്‍ന്നു. ആറു മുന്‍ പ്രിന്‍സിപ്പല്‍മാര്‍ അടക്കം അമ്പതോളം പൂര്‍വ അധ്യാപകര്‍ക്കു പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഗുരുപ്രണാമം അര്‍പ്പിച്ചപ്പോള്‍ പഴയ ഗുരുനാഥമാര്‍ ആനന്ദക്കണ്ണീരണിഞ്ഞു
തൃശൂര്‍: പഴയ കാമ്പസ് ഓര്‍മകളുടെ വസന്തവുമായി തൃശൂര്‍ വിമല കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പൂര്‍വ അധ്യാപകര്‍ക്കൊപ്പം ഒത്തുചേര്‍ന്നു. ആറു മുന്‍ പ്രിന്‍സിപ്പല്‍മാര്‍ അടക്കം അമ്പതോളം പൂര്‍വ അധ്യാപകര്‍ക്കു പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഗുരുപ്രണാമം അര്‍പ്പിച്ചപ്പോള്‍ പഴയ ഗുരുനാഥമാര്‍ ആനന്ദക്കണ്ണീരണിഞ്ഞു. പഴയ അരുമ ശിഷ്യരെ അവര്‍ ആശ്ലേഷിച്ചു. വിമല കോളജ് പൂര്‍വവിദ്യാര്‍ത്ഥിനികളുടെ യുഎഇ യിലെ കൂട്ടായ്മയായ '-വിമെക്‌സി'-ന്റെ നേതൃത്വത്തില്‍ ഒരുക്കിയ '-വിമലമീയോര്‍മകള്‍' എന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഹൃദയഹാരിയായ അത്യപൂര്‍വ മുഹൂര്‍ത്തങ്ങള്‍ക്കു വേദിയായി. പഴയ ഗുരുനാഥമാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ തിക്കിത്തിരക്കി.
പല വിദേശ രാജ്യങ്ങളിലുള്ള പഴയ കാമ്പസ് താരങ്ങള്‍ ഒത്തുചേര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ ആഗോള പ്രസ്ഥാനമായി വ്യാപിപ്പിക്കുന്ന '-വിമെക്‌സ് ഗ്ലോബല്‍' ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥിനികളും അധ്യാപകരും അടക്കം നൂറു പേര്‍ രചിച്ച കാമ്പസ് അനുഭവങ്ങള്‍ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ച '-വിമലമീയോര്‍മകള്‍' എന്ന ഗ്രന്ഥത്തിന്റെ പുനപ്രകാശനവും നടന്നു. സംഗീതജ്ഞന്‍ ഔസേപ്പച്ചനും പത്മശ്രീ പെരുവനം കുട്ടന്‍മാരാരും മുഖ്യാതിഥികളായി. 1988 ല്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കി അനശ്വരമാക്കിയ '-ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്നു, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍.. ' എന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോള്‍ വിമല കോളജ് ഓഡിറ്റോറിയം കരഘോഷങ്ങളാല്‍ ഇളകി മറിഞ്ഞു.
പ്രതിസന്ധികളേയും വെല്ലുവിളികളേയും സധൈര്യം നേരിട്ട ഡോ. ഗിരിജയെ ആദരിച്ചു. വിമെക്‌സ് പ്രസിഡന്റ് ഷെമീന്‍ റഫീക്ക് അധ്യക്ഷയായി. സ്ഥാപക പ്രസിഡന്റ് സരിത മധുസൂദനന്‍ '-വിമെക്‌സ് ഗ്ലോബല്‍' പ്രഖ്യാപനം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയിസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീന ജോസ്, '-വിമലമീയോര്‍മകള്‍' പുസ്തകത്തിന്റെ എഡിറ്റര്‍ രശ്മി ഐസക്, വിമെക്‌സ് സെക്രട്ടറി രശ്മി റോയ്, ട്രഷറര്‍ നീന ഡെല്‍ഫിന്‍, മുന്‍ കലാതിലകവും മുന്‍ പ്രസിഡന്റുമായ ജൂലിന്‍ ബെന്‍സി, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ സിസ്റ്റര്‍ മരിയറ്റ് എ തേറാട്ടില്‍, സിസ്റ്റര്‍ ലേഖ, മുന്‍ അധ്യാപകരായ പ്രഫ. എലിസബത്ത് മാത്യു, പ്രഫ. പാര്‍വതി, നീന ഡെല്‍ഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
