ഉടന്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ രാജകുമാരിയിലെ വാഹിനി ആംബുലന്‍സ് ഡ്രെെവര്‍ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്ക് പുറപ്പെട്ടിരുന്നു.

ഇടുക്കി: പാമ്പ് കടിയേറ്റ ഒന്നര വയസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രെെവര്‍മാര്‍, പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രാഫിക് മിഷന്‍. കഴിഞ്ഞ ദിവസം വെെകുന്നേരം അഞ്ചരയോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള മകന് പാമ്പ് കടിയേല്‍ക്കുന്നത്. കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ പാമ്പ് കടിക്കുന്നത് വീട്ടുകാര്‍ കണ്ടെങ്കിലും ഏത് ഇനം പാമ്പാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 

ഉടന്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ രാജകുമാരിയിലെ വാഹിനി ആംബുലന്‍സ് ഡ്രെെവര്‍ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്ക് പുറപ്പെട്ടിരുന്നു. രാജകുമാരിയിലെത്തിയ ഉടന്‍ ജിന്റോ മാത്യു കുട്ടിയുമായി ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ കയറി. മറ്റൊരു ഡ്രെെവറായ ജിജോ മാത്യുവാണ് ആംബുലന്‍സ് ഓടിച്ചത്. എമര്‍ജന്‍സി മിഷന്‍ സര്‍വീസിന്റെ ഭാഗമായി പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രെെവര്‍മാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സമൂഹ മാധ്യമ കൂട്ടായ്മകളിലേക്ക് ജിന്റോ ഈ സമയം വിവരം കെെമാറിയിരുന്നു. ‍

ആംബുലന്‍സിന് വഴിയൊരുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ റോഡില്‍ പല ഭാഗത്തും കാത്തു നിന്നു. തിരക്കുള്ള ടൗണുകളില്‍ ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ പൊലീസും സൗകര്യമൊരുക്കി. രാജകുമാരിയില്‍ നിന്ന് 20 മിനിറ്റ് കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 

ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് അടിമാലിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ കുട്ടി ഉറങ്ങാതിരിക്കാനും ജിന്റോയും ജിജോയും ശ്രമിച്ചു. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തു. വാര്‍ഡിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.