പരാതി അടിസ്ഥാന രഹിതമെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം വിശദീകരിച്ചു. മുന്നാര്‍ മാട്ടുപെട്ടി റോഡിലുള്ള ആന സവാരി കേന്ദ്രത്തില്‍ ആറ് ആനകളാണുള്ളത്.
ഇടുക്കി: മുന്നാറിലെ ആന സവാരി കേന്ദ്രത്തില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മൃഗസ്നേഹികളുടെ കൂട്ടായ്മ. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷിക്കണമെന്നാവശ്യപെട്ട് വനം വകുപ്പിനെയും ജില്ലാ കളക്ടറെയും സമീപിച്ചു. അതേസമയം, പരാതി അടിസ്ഥാന രഹിതമെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം വിശദീകരിച്ചു. മുന്നാര്‍ മാട്ടുപെട്ടി റോഡിലുള്ള ആന സവാരി കേന്ദ്രത്തില്‍ ആറ് ആനകളാണുള്ളത്.
ഇതില്‍ ഒരാനെയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ടശേഷം വിനോദ സഞ്ചാരികള്‍ക്കൊപ്പം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് മൃഗസ്നേഹികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. വനം മന്ത്രി, വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൃഗ സംരക്ഷണ വകുപ്പ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ആനയെ ചികില്‍സക്ക് വിധേയമാക്കണമെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും മൃഗസ്നേഹികളുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. എന്നാല്‍, സവാരിക്ക് ആവശ്യമായ അനുമതിയുണ്ടെന്നും ആനകള്‍ മർദ്ദനത്തിന് ഇരയായിട്ടില്ലെന്നുമാണ് സവാരി കേന്ദ്രത്തിന്‍റെ വിശദീകരണം.

അതേസമയം, ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ഒറ്റയാന്‍ പടയപ്പ റോഡിലിറങ്ങി ഗതാഗത തടസം സൃഷ്ടിച്ചു. മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാന്‍ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. ഒന്നര മാസത്തിനുശേഷമാണ് പടയപ്പ കന്നിമലയിലും പരിസരത്തുമെത്തുന്നത്.
ഒറ്റനോട്ടത്തില്‍ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയില്‍ 45 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്. റോഡിലിറങ്ങി ഗതാഗത തടസമുണ്ടാക്കുന്ന പടയപ്പയുടെ മുന്‍ രീതിക്ക് യാതൊരു മാറ്റവുമില്ല. രണ്ട് ദിവസങ്ങളിലായി പുലര്‍ച്ചെ റോഡിലിറങ്ങി വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടേയും വാഹനങ്ങള്‍ പടയപ്പ തടഞ്ഞു.
