വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. മുട്ടത്തറ സ്വദേശി സൂര്യനാരായണനാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു, ഇനിയും മൂന്ന് പേരെ പിടികൂടാനുണ്ട്.

തിരുവനന്തപുരം: വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വിഴിഞ്ഞം പൊലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പൊലീസ് എന്നിവർ അറസ്റ്റ് ചെയ്തിരുന്നു.

വെട്ടു കേസുമായി ബന്ധപെട്ട് മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. നാലിന് വെങ്ങാനൂരിൽ നടന്ന സംഭവത്തിൽ വിഷ്ണുവിന് വെട്ടേറ്റ കേസിലെ പ്രതിയാണ് അനന്തു. ഈ കേസിലാണ് ശേഷിച്ച മൂന്ന് പ്രതികളെ പൊലീസ് തിരയുന്നത്. വെങ്ങാനൂർ ജംക്‌ഷനിൽ ബൈക്കിനു സൈഡു നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റവും മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്നു പൊലീസ് പറഞ്ഞു. പൊലീസിനു നേർക്കുള്ള ആക്രമണത്തിൽ വിഴിഞ്ഞം ‌സ്റ്റേഷനിലെ സി.പി.ഒ സി.പി.രാകേഷ്(35), എസ്.സി.പി.ഒ വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികൾ റിമാൻഡിലാണ്.