കണ്ണൂരിൽ റോഡിൽ മലിനജലം ഒഴുക്കി സഞ്ചരിച്ച മത്സ്യ ലോറിക്ക് 25,000 രൂപ പിഴ ചുമത്തി. പിന്നാലെ സഞ്ചരിച്ച ഇടുക്കി ജില്ലാ കളക്ടർ ദൃശ്യങ്ങൾ പകർത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്.
കണ്ണൂർ: റോഡിൽ മലിനജലം ഒഴുക്കി യാത്ര ചെയ്ത ലോറിക്ക് 25,000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ്. ഇടുക്കി ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര നടപടി. ഏഴോം -കുപ്പം റോഡിൽ തളിപ്പറമ്പ ഭാഗത്തേക്ക് മത്സ്യം കൊണ്ടുപോകുകയായിരുന്ന കെഎ 20 എബി 7660 എന്ന വാഹനത്തിൽ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകിയത്. ഈ ദൃശ്യം തൽസമയം ലോറിയുടെ പിറകിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെട്ടു. റോഡിലാകെ ദുർഗന്ധം വമിക്കുന്ന രീതിയിൽ മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ കളക്ടർ ദൃശ്യങ്ങൾ പകർത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്തു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉടൻ തന്നെ വാഹന ഉടമയെ ബന്ധപ്പെടുകയും വിഷയം സ്ഥിരീകരിക്കുകയും ചെയ്തു.
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് വാഹന ഉടമയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 25,000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾക്കായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കശന നടപടി തുടരുമെന്നും ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴയും വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. നടപടികൾക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, ക്ലീൻ സിറ്റി മാനേജർ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
