തൃശൂരില്‍ പ്രളയത്തിലകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ 'അന്‍പൊട് കൊച്ചി' മോഡല്‍ 'അന്‍പൊട് തൃശൂര്‍'. ഫേസ്ബുക്കിലൂടെയാണ് കൂട്ടായ്മയുടെ ആശയം പ്രചരിക്കുന്നത്. സഹായങ്ങളെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവരുമായി ബന്ധപ്പെടാം

തൃശൂര്‍: ജില്ലയില്‍ പ്രളയം നാശം വിതയ്ക്കുമ്പോള്‍ സഹായമെത്തിക്കാന്‍ 'അന്‍പൊട് കൊച്ചി' മോഡലില്‍ 'അന്‍പൊട് തൃശൂര്‍' കൂട്ടായ്മ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ചെന്നൈ പ്രളയത്തിന്‍റെ സമയത്ത്, ആവശ്യമായ സഹായങ്ങള്‍ നല്‍കാനായിരുന്നു 'അന്‍പൊട് കൊച്ചി' കൂട്ടായ്മ രൂപീകരിച്ചിരുന്നത്. ഇതേ മാതൃകയിലാണ് 'അന്‍പൊട് തൃശൂര്‍' കൂട്ടായ്മക്കും തുടക്കമാകുന്നത്.

വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് ഉപയോഗപ്പെടുത്താനാണ് കൂട്ടായ്മയുടെ ശ്രമം. നിലവില്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് മാത്രമായിരിക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് 'അന്‍പൊട് തൃശൂര്‍' എന്ന ആശയം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.