കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും സാമൂഹ്യവിരുദ്ധൻ്റെ സാന്നിധ്യം. നഗ്നനായി എത്തി വീടുകളില്‍ ശല്യമുണ്ടാക്കുന്ന യുവാവിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. മുമ്പ് നാട്ടുകാർ ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കോഴിക്കോട്: താമരശ്ശേരിയില്‍ നഗ്നനായി എത്തി വീടുകളില്‍ ശല്യമുണ്ടാക്കുന്ന യുവാവിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. മുമ്പ് രണ്ടുതവണ സമാനമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് തന്നെയാണ് വീണ്ടും പ്രശ്നമുണ്ടായിരിക്കുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് തന്നെയുള്ള പ്രദേശമായ ഒതയോത്ത് ഭാഗത്താണ് അജ്ഞാതന്റെ വിളയാട്ടം നടക്കുന്നത്.
മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കുറ്റവാളിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും ഇയാള്‍ അതേ പ്രദേശത്ത് എത്തിയത്.
ഇന്നലെ പുലര്‍ച്ചെ വീടുകള്‍ക്ക് പിന്നില്‍ നഗ്‌നനായി എത്തിയ യുവാവ് ജനലുകളിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും 50 മീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നിയമപാലകരുടെ കൈയ്യെത്തും ദൂരത്ത് തന്നെ ഇത്തരം സാമൂഹ്യവിരുദ്ധ ശല്യങ്ങള്‍ പതിവായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.


