കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗൃഹപ്രവേശം നടക്കുന്ന വീട്ടില്‍ എത്തിയ മറ്റൊരു കുട്ടിയും നാദിലുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശന ചടങ്ങിനെത്തിയ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദിലി(14)നാണ് പരിക്കേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ നാദിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗൃഹപ്രവേശം നടക്കുന്ന വീട്ടില്‍ എത്തിയ മറ്റൊരു കുട്ടിയും നാദിലുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍ തമ്മിലുള്ള തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ നാദിലിന് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. കുറുവന്തേരി സ്വദേശി അര്‍ഷാദ് എന്ന കുട്ടിക്കും മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നാദിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലേക്കും പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ വളയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


