സുൽത്താൻ ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ 17355 രൂപയുടെ വസ്ത്രങ്ങൾ മോഷ്ടിച്ച കേസിൽ ഫ്രണ്ട് ഓഫീസ് മാനേജർ ഷാദി അസീസ് അറസ്റ്റിൽ. പണമടച്ച ബില്ലുകളുടെ പകർപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയാണ് ഇയാൾ വസ്ത്രങ്ങൾ കടത്തിയത്.

സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഫ്രണ്ട് ഓഫീസ് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ ഏറ്റിന്‍ കടവ് സുമയ്യ മന്‍സിലില്‍ ഷാദി അസീസ് (38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളില്‍ പല തവണകളായി ഇയാള്‍ കടത്തിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. 

നഗരത്തില്‍ അസംഷന്‍ ജംങ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. കഴിഞ്ഞ ജനുവരി 17നും സെപ്തംബര്‍ 26ന് ഇടയില്‍ പല ദിവസങ്ങളായി ഇയാള്‍ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങുന്ന ബില്ലിന്റെ കോപ്പി ക്യാഷ് അടച്ച സീല്‍ ചെയ്ത ബില്ലിന്റെ കോപ്പി എന്നിവ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് മോഷ്ടിച്ച വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് പാക്കിങ് സെക്ഷനില്‍ അടച്ച ബില്‍ കാണിച്ചാണ് വസ്ത്രങ്ങള്‍ കടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.