ബില്‍ തുകയുടെ രണ്ട് ശതമാനമായ 8000 രൂപ കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു. നാഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി ഷാഫി ഓഫീസില്‍ എത്തി...

മലപ്പുറം : കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി എസ്. ബിനീത(43) ആണ് അറസ്റ്റിലായത്. മരാമത്ത് കരാറുകാരന്‍ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം. ഷഫീഖിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. മുതുവല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. 

കരാര്‍ പ്രകാരമുള്ള 4 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിന് പലതവണ പഞ്ചായത്തിലെത്തി ഇവരെ കണ്ടിരുന്നു. എന്നാല്‍ ബില്‍ തുകയുടെ രണ്ട് ശതമാനമായ 8000 രൂപ കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു. ഈ തുക വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെ രാവിലെ മുതല്‍ തന്നെ വിജിലന്‍സ് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷം വൈകുന്നേരത്തോടെ നാഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി ഷാഫി ഓഫീസില്‍ എത്തി പണം കൈമാറി. പിന്നാലെ വിജിലന്‍സ് സംഘം ഇവരെ കയ്യോടെ പിടികൂടി. ഓഫീസിലെ ഇവരുടെ ക്യാബിനില്‍ വെച്ചായിരുന്നു സംഭവങ്ങള്‍. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പണി പതിനെട്ടും പൊട്ടി, മോഷണശ്രമം പാളി രോഷത്തോടെ മടങ്ങിയ കള്ളൻ സിസിടിവിയിൽ കുടുങ്ങി

ആലപ്പുഴ : ഏറെനേരം പരിശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ വന്നപ്പോൾ മോഷ്ടാവിനു നിരാശ. ഒപ്പം രോഷവും. ഒടുവിൽ ദേഷ്യം നേർച്ചപ്പെട്ടിയിൽ തീർത്ത് നിരാശനായി മടക്കം. പൊന്നാംവെളി മാർക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന പട്ടണക്കാട് പൂങ്കാവിൽ പുത്തൻപള്ളിവക പൊന്നാംവെളി മുഹുയുദ്ദീൻ മസ്ജിദിന്റെ നേർച്ചപ്പെട്ടി മോഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളൻ. 

വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു പാന്റും ഷർട്ടും ധരിച്ച മോഷ്ടാവ് നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കാൻ എത്തിയത്. രണ്ട് തവണയായി പലവഴി ശ്രമങ്ങൾ നടത്തിയിട്ടും നേർച്ചപ്പെട്ടി തകർക്കാനോ തുറക്കാനോ മോഷ്ടാവിനായില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് പടിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഷണം വിഫലമായി കള്ളൻ മടങ്ങിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പള്ളി അധികൃതർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.