കൊച്ചി പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വർണം കവർന്ന കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിലായി. സ്ഥാപന ഉടമകളുടെ വിശ്വസ്തനായിരുന്ന ഇയാൾ ലോക്കറിൽ നിന്നാണ് സ്വർണം അപഹരിച്ച് ആഡംബര ജീവിതം നയിച്ചത്. ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് വിൽപ്പന നടത്തിയ അസിസ്റ്റന്റ് മാനേജർ പാലാരിവട്ടം പോലീസിന്റെ പിടിയിലായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയിൽ വീട്ടിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇയാൾ പലതവണകളിലായി 428 ഗ്രാമോളം സ്വർണാഭരണങ്ങൾ കവർന്നത്.

മാർക്കറ്റിംഗ് ബിരുദധാരിയായ പ്രതി സ്ഥാപന ഉടമകളുടെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു. സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ച ഇയാൾ ചുരുങ്ങിയ കാലം കൊണ്ട് അസിസ്റ്റന്റ് മാനേജരായി സ്ഥാനക്കയറ്റം നേടി. തുടർന്ന്, ജുവലറിയിലെ ലോക്കറിൽ ഇടപാടുകാർ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നിന്ന് ക്രമക്കേട് നടത്തി സ്വർണം കൈക്കലാക്കുകയും മറിച്ചു വിൽക്കുകയുമായിരുന്നു. ഇങ്ങനെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.

സ്റ്റോക്കിൽ നിരന്തരം കുറവുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമകൾ നടത്തിയ ആഭ്യന്തര നിരീക്ഷണത്തിലാണ് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ് പുറത്തായത്. ഉടമകളുടെ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ കഴിഞ്ഞ ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തൃശൂരിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലാകുന്നത്. പ്രതിയുടെ കുറ്റസമ്മത പ്രകാരം നഷ്ടപ്പെട്ട സ്വർണത്തിന്റെ നല്ലൊരു ഭാഗം പോലീസ് വീണ്ടെടുത്തു. ബാക്കി സ്വർണത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ജിത്ത് ലാൽ പി.എസ് എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജഗീഷ് ആർ, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ സബ് ഇൻസ്‌പെക്ടർ ബിജു എ.എസ്, എ.എസ്.ഐമാരായ അരുൺ വർഗീസ്, ബിജുമോൻ, ജോസി കെ.പി, എസ്.സി.പി.ഒമാരായ അനീഷ് കുമാർ, അഖിൽ പത്മൻ, ബിബിൻ മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.