റെയിൽ പാളത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ കണ്ണൂരിൽ അറസ്റ്റിൽ.
കണ്ണൂർ: റെയിൽ പാളത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ കണ്ണൂരിൽ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് ചൊവ്വയിലെ റെയിൽവെ ട്രാക്കിലേക്ക് ഇയാൾ കാർ ഓടിച്ചു കയറ്റിയത്. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. ട്രാക്കിൽ കാർ കിടന്ന സമയത്ത് ട്രയിൻ വരാതിരുന്നത് കൊണ്ട് ദുരന്തം ഒഴിവായി.
അതേസമയം, കൊച്ചിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.
