സ്‌കൂള്‍ പരിസരത്ത് നിന്നും വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററില്‍ ഉയര്‍ന്ന് ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്.
കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന മുള വെട്ടിയെടുത്ത് സ്വന്തമായി പോള്‍ നിര്‍മ്മിച്ച് ജില്ല കായിക മേളയില്‍ പോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിലും സ്വയം നിർമ്മിച്ച പോളിൽ തന്നെ മത്സരിക്കും. ജില്ലാ സ്കൂൾ കായികമേളയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാറ്റുരക്കാന്‍ പോള്‍വള്‍ട്ട് വാങ്ങി നല്‍കുമെന്ന് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന മേളയിലും 'ഓണ്‍മെയ്ഡ്' പോളില്‍ മത്സരിക്കാനാണ് ആഗ്രഹം എന്നാണ് അഭിനവ് വിശദമാക്കിയത്. കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വള്‍ട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ജില്ലാ സ്കൂൾ കായിക മേളയിൽ മുൻ സംസ്ഥാന മേളയിലേക്കാൾ മികച്ച ദൂരം കണ്ടെത്തി പത്താം ക്ലാസുകാരൻ
സ്‌കൂള്‍ പരിസരത്ത് നിന്നും വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററില്‍ ഉയര്‍ന്ന് ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്. 2024-ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പോള്‍വള്‍ട്ട് മത്സരത്തില്‍ 2.20 മീറ്റര്‍ ഉയരത്തില്‍ ചാടിയ അഭിനവ് നാലാം സ്ഥാനത്തിന് അര്‍ഹനായിരുന്നു. ജില്ലയിലെ മറ്റു സ്‌കൂളുകളിലെ കായിക ഉപകരണം ഉപയോഗിച്ചാണ് അഭിനവ് മുന്‍വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്തത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി - ഉഷ ദമ്പതികളുടെ ഇളയ മകനാണ് അഭിനവ്. ഒക്ടോബര്‍ 23 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയില്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. കായികധ്യാപകന്‍ മൊതക്കര സ്വദേശി കെ.വി സജിയാണ് അഭിനവിന് പരിശീലനം നല്‍കുന്നത്.


