കഴക്കൂട്ടത്തെ സ്പായിൽ വെച്ച് പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് ജിപ്സൺ അറസ്റ്റിൽ. വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് സ്പായിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്പായിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം കൽപ്പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈ.എഫ്ഐ മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ചിറ്റാറ്റുമുക്ക് ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ ജിപ്സൺ (32) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്പായിലായിരുന്നു പീഡനം. കഴിഞ്ഞ ഒന്നാം തീയതിയാണ് പാലക്കാട് സ്വദേശിനിയായ 24കാരി കഴക്കൂട്ടത്ത് ജോലിക്കായി എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

സ്പായിൽ മസാജിന് എത്തിയ ജിപ്സനും മറ്റുചിലരും ചേർന്ന് മുറിയിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെനിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്‌സണെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍, സ്ഥാപനത്തിലെത്തിയ യുവതിയെ ഇടപാടുകാരനായി എത്തിയ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജിപ്സണിന്‍റെ സുഹൃത്തിന്‍റെ സ്പായാണെന്ന് സമീപവാസികൾ പറഞ്ഞു. സ്പാ നടത്തിപ്പുകാരെയടക്കം പൊലീസ് തിരിയുകയാണ്. പഞ്ചായത്ത് അംഗമാണ് ജിപ്സണിന്‍റെ ഭാര്യ.