കടം വീട്ടാനായി ബാങ്കില്‍ നിന്നും ലോണെടുത്ത പണവുമായാണ് കഴിഞ്ഞ തിങ്കളാഴ്ച വടകര സ്വദേശിയായ അജീഷ്  മടങ്ങിയത്. യാത്രക്കിടയില്‍ ഒരു ചായ കുടിക്കാനായി  പുതിയങ്ങാടിയിലെ ബേക്കറിയില്‍ എത്തി. എന്നാല്‍ പണം അടങ്ങിയ ബാഗ് അവിടെ മറന്നുവെക്കുകയായിരുന്നു

കോഴിക്കോട്: കടം വീട്ടാനായി ബാങ്കിൽ നിന്നെടുത്ത രണ്ടേകാൽ ലക്ഷം രൂപ കോഴിക്കോട്ടെ ഒരു ബേക്കറിയിൽ മറന്നുവെച്ച വടകര സ്വദേശിക്ക് പണം തിരികെ ലഭിച്ചു. ബേക്കറി ഉടമയായ ഇല്യാസിന്റെ സത്യസന്ധതയാണ്, നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം അജീഷിന് തിരികെ ലഭിക്കാൻ കാരണമായത്. കടം വീട്ടാനായി ബാങ്കില്‍ നിന്നും ലോണെടുത്ത പണവുമായാണ് കഴിഞ്ഞ തിങ്കളാഴ്ച വടകര സ്വദേശിയായ അജീഷ് ഭാര്യ വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ ഒരു ചായ കുടിക്കാനായി കോഴിക്കോട് പുതിയങ്ങാടിയിലെ റോസ് ബേക്കറിയില്‍ എത്തി. എന്നാല്‍ ചായ കുടിച്ച് മടങ്ങിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന പണം സൂക്ഷിച്ച ബാഗ് അവിടെ മറന്നുവെക്കുകയായിരുന്നു.

ബാഗ് ശ്രദ്ധയില്‍പ്പെട്ട കടയുടമ ഇല്യാസ് പരിശോധന നടത്തിയപ്പോള്‍ ലക്ഷങ്ങള്‍ അടങ്ങിയ ബാഗാണ് ആരോ മറന്ന് വച്ചതെന്ന് ബോധ്യമായി. തന്റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ഇല്യാസ് ചിന്തിച്ചത് ബാഗ് മറന്നുവെച്ചയാളുടെ മാനസിക വിഷമം മാത്രമായിരുന്നു. കടയില്‍ നിരവധി പേര്‍ വരുന്നതിനാല്‍ പെട്ടെന്ന് തന്നെ പണത്തിന്റെ ഉടമയെ കണ്ടെത്തുന്നത് പ്രയാസമുണ്ടാക്കി. കടയിലേക്ക് പുതുതായി വന്നയാളോട് പണം മറന്നുവച്ചയാളാണോ എന്ന് ചോദിച്ചെങ്കിലും അല്ലെന്ന മറുപടി ലഭിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഏല്‍പിക്കാമെന്ന തീരുമാനത്തില്‍ എത്തുകയും പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. 

ഇതിനിടയിലാണ് പണം നഷ്ടപ്പെട്ട നിരാശയില്‍ എല്ലാ സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി അജീഷ് ഒടുവില്‍ ബേക്കറിയില്‍ എത്തിയത്. ബാഗ് അവിടെത്തന്നെയുണ്ടെന്ന് അറിഞ്ഞതോടെ നഷ്ടമായെന്നു കരുതിയ ജീവന്‍ തന്നെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു അജീഷ്. പണത്തിന്റെ കണക്കും മറ്റും ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം നാട്ടുകാരുടെ മുന്നില്‍ വച്ച് ഇല്യാസ് ബാഗ് അജീഷിന് കൈമാറി.