ദുരന്തം നടന്ന മൂന്നു വര്‍ഷമായിട്ടും സര്‍ക്കാറിന്റെ ഉറപ്പുകള്‍ നടപ്പിലായില്ലെന്ന് പെട്ടിമുടിയിലെ ദുരന്തബാധിതര്‍

ഇടുക്കി: ദുരന്തം നടന്ന മൂന്നു വര്‍ഷമായിട്ടും സര്‍ക്കാറിന്റെ ഉറപ്പുകള്‍ നടപ്പിലായില്ലെന്ന് പെട്ടിമുടിയിലെ ദുരന്തബാധിതര്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട് ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന ശരണ്യയും അന്നലക്ഷ്മിയും ഏറെ ബുദ്ധിമുട്ടിയാണ് പഠനം നടത്തുന്നത്. തങ്ങളുടെ പഠനം പൂര്‍ത്തിയാക്കുവാന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.

2020 ഓഗസ്റ്റ് ആറാം തീയതി നടന്ന ദുരന്തത്തില്‍ മരണമടഞ്ഞ രാമലക്ഷ്മി, മുരുകന്‍ എന്നീ ദമ്പതികളുടെ മക്കളാണ് ശരണ്യ, അന്നലക്ഷ്മി എന്നിവര്‍. ദുരന്തസമയത്ത് ഇരുവരും തമിഴ്‌നാട്ടില്‍ ആയതുകൊണ്ടായിരുന്നു രക്ഷപ്പെട്ടത്. മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെ തമിഴ്‌നാട്ടിലെ ബന്ധുവായ ചുടമണിയുടെ ആശ്രയത്തിലാണ് ഇവർ കഴിഞ്ഞുവരുന്നത്. ശാരീരിക വൈകല്യം നേരിടുന്ന ഇദ്ദേഹത്തിന് മൂന്നു മക്കളാണുള്ളത്. 

ഏറെ പരാധീനകള്‍ക്കിടയില്‍ നിന്നായിരുന്ന പഠനം പൂര്‍ത്തിയാക്കാനുള്ള ഇരുവരുടെയും ശ്രമങ്ങള്‍. ദുരന്തത്തിനു ശേഷം സര്‍ക്കാര്‍ ഇരുവരുടെയും പഠനം ഏറ്റെടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. പഠന ചിലവുകള്‍ക്കു വേണ്ടി വരുന്ന തുകയെക്കുള്ള വിവരങ്ങള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും, അത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു വരെ ഒരു സഹായവും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. 

ശരണ്യ ഡിഗ്രി പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കി. അന്നലക്ഷ്മി രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. അന്നലക്ഷ്മിയുടെ പഠനം പൂര്‍ത്തിയാക്കാന്‍ വലിയൊരു തുക ആവശ്യമാണ്. സര്‍ക്കാര്‍ അന്നു നല്‍കിയ ഉറപ്പു പരിഗണിച്ച് തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പിന്തുണ നല്‍കിയാല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദനയുണങ്ങാത്ത തങ്ങള്‍ക്ക് നിലനില്‍പ്പിനായുള്ള വലിയ ഒരിടം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇരുവരും

Read more:  'മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായി ത്രാസുകൾ'; 12,000 രൂപ പിഴയീടാക്കി ലീഗൽ മെട്രോളജി വകുപ്പ്

70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. ദുരന്ത ഭൂമിയിൽ പ്രാർത്ഥനയും കണ്ണീരുമായി അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ എത്തുന്നു. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30തോടെയാണ് പെട്ടിമുടിയില്‍ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. മല മുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമര്‍ന്നത്.