തിരയടിച്ചു കയറിയുണ്ടാകുന്ന മണ്ണിടിച്ചിലിനേ തുടർന്ന് തീരത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയുടെ പലഭാഗങ്ങളും കടലെടുത്തു. ബീച്ചിന് സമീപത്തെ പഴയ കോഫിഹൗസ്, പഴയകൊട്ടാരം എന്നീ കെട്ടിടങ്ങളും ഭീഷണിയിലാണ്

തിരുവനന്തപുരം: കാലവർഷം സജീവമായതിന് പിന്നാലെ ശംഖുംമുഖം തീരത്തെ കടല്‍ഭിത്തി കടന്ന് തിരമാലകൾ റോഡിലേക്കെത്തി. ശക്തമായി ആഞ്ഞടിക്കുന്ന തിരമാലകൾ മൂലം ഓരോ ദിവസവും തീരം കടലെടുത്തുകൊണ്ടിരിക്കുകയാണ്. ശംഖുംമുഖത്തു നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന ഇരട്ടവരി റോഡിന്‍റെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം നേരത്തെ അടച്ചിരുന്നു. ഈ ഭാഗത്ത് റോഡും തിരയെടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ.

തിരയടിച്ചു കയറിയുണ്ടാകുന്ന മണ്ണിടിച്ചിലിനേ തുടർന്ന് തീരത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയുടെ പലഭാഗങ്ങളും കടലെടുത്തു. ബീച്ചിന് സമീപത്തെ പഴയ കോഫിഹൗസ്, പഴയകൊട്ടാരം എന്നീ കെട്ടിടങ്ങളും ഭീഷണിയിലാണ്. വലിയതോപ്പുമുതല്‍ ശംഖുംമുഖത്തെ പഴയകൊട്ടാരത്തിനു സമീപംവരെയാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുള്ളത്. ശംഖുംമുഖത്ത് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ തീരത്തോടുചേര്‍ന്ന് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍, വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി കരിങ്കല്ലുകള്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍, ശക്തമായ തിരമാലകള്‍ കല്ലുകളെ വലിച്ചെടുത്തതിനാല്‍ ഈ ഭാഗങ്ങളും തകർന്ന് തുടങ്ങി.

പ്രദേശത്ത് ഗാർഡുകളെ നിയമിച്ച് വിനോദ സഞ്ചാരികളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും ടെട്രാപോഡോ കരിങ്കല്ലോ ഇറക്കി അടിയന്തരമായി തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശത്തെ കച്ചവടക്കാരുടെയും ആവശ്യം. സമീപത്തായി മീന്‍പിടിത്തം നടത്തുന്ന തൊഴിലാളികളുടെ വലിയ വള്ളങ്ങള്‍ നിരത്തിയിരുന്നത് കടലേറ്റം ശക്തമായതോടെ സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. ചിലവള്ളങ്ങൾ തിരയിൽപെട്ട് ഇതിനോടകം കേടുപാടുകളുമുണ്ടായിട്ടുണ്ട്. ഇടവപ്പാതിയിലെ പതിവ് കാഴ്ചയായണെങ്കിലും പ്രദേശത്ത് കൂടുതൽ നാശമുണ്ടാകുന്നതിന് മുമ്പ് തീരം ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം