പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇരുചക്ര വാഹന യാത്രികൻ അപകടത്തിൽപ്പെട്ടു. അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി താമശ്ശേരിചുരത്തില്‍ അപകടങ്ങള്‍ പതിവാണ്. 

ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞത് ആഴ്ചകള്‍ക്ക് മുമ്പാണ്. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ഓറഞ്ച് ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മസ്ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. ചുരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായത്.

അടിവാരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒന്നാം വളവിന് താഴെയായി ചുരം 28 -ല്‍ മദ്യവുമായി വന്ന ലോറി മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച രണ്ടേകാല്‍ മണിയോടെയായിരുന്നു അപകടം. റോഡരികിലെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ത്താണ് ലോറി താഴേക്ക് പതിച്ചത്. പകല്‍ നേരമായതിനാല്‍ അതു വഴി വന്ന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് ഡ്രൈവറെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അതിന് തൊട്ട് മുമ്പായിരുന്നുലിമിറ്റഡ് സ്‌റ്റോപ്പ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റിരുന്നത്. രണ്ടാം വളവിനും ചിപ്പിലിത്തോടിന് സമീപത്തായിരുന്നു അന്നത്തെ അപകടം. വീതി കുറഞ്ഞ റോഡില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. രാവിലെയായതിനാല്‍ തന്നെ അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.

കൂടുതല്‍ വായനയ്ക്ക്: താമരശ്ശേരി ചുരം കടക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? നിര്‍ദ്ദേശങ്ങളുമായി ചുരം സംരക്ഷണ സമിതി