പകടത്തിൽപ്പെട്ട ബൈക്കിന്‍റെ ഹാൻഡിലിൽ കണ്ട പെയിന്‍റിൽ പൊലീസിനു സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിന് തൊട്ടുപിന്നിലായി കടന്നുപോകുന്ന കാറും കണ്ടെത്തി.
തിരുവനന്തപുരം: തിരുവല്ലത്തെ വാഹനാപകടത്തിൽ ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. കാലങ്ങളായി സുഹൃത്തുക്കളായിരുന്ന ഇരുവരും നവീന്‍റെ ജന്മദിനമായതിനാൽ കോവളത്ത് ഭക്ഷണം കഴിക്കാൻപോയപ്പോഴായിരുന്നു അപകടമുണ്ടായത് .നവീന്‍റെയും മൃദുലയുടെയും തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റതെന്നതാണ് മരണകാരണം. മൃദുല അപകട സ്ഥലത്തുവച്ചും നവീന്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷവുമാണു മരിച്ചത്.
നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പൊലീസിനു തോന്നിയ സംശയമാണിപ്പോൾ കേസിൽ വഴിത്തിരിവായത്. അപകടത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന്‍റെ ഹാൻഡിലിൽ കണ്ട പെയിന്‍റിൽ പൊലീസിനു സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിന് തൊട്ടുപിന്നിലായി കടന്നുപോകുന്ന കാറും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിനു പിന്നിൽ കാറിടിച്ചതാണ് അപകട കാരണമെന്നാണ് കണ്ടെത്തിയത്. കാർ ഓടിച്ച മലയിന്‍കീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്കിനു പിന്നിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. കാർ മലയിൻകീഴിലെ വീട്ടിൽനിന്നു കണ്ടെത്തി. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്നു വിഷ്ണു പൊലീസിനോടു സമ്മതിച്ചു. അപകടസ്ഥലത്ത് ഇറങ്ങിയാല്‍ ഓടിക്കൂടുന്ന ആളുകളില്‍നിന്നുള്ള ആക്രമണം ഭയന്നാണ് സ്ഥലത്തുനിന്നു പോയതെന്നു വിഷ്ണു പൊലീസിനോടു പറഞ്ഞു. സിറ്റിയിൽ ഒരാവശ്യത്തിന് പോയ ശേഷം ബൈപ്പാസിലൂടെ മടങ്ങുമ്പോഴായിരുന്നു അപകടം നടന്നതെന്നും തന്‍റെ കാറില്‍ തട്ടി ബൈക്ക് അപകടത്തില്‍പെട്ടുവെന്ന് മനസിലായതിനു പിന്നാലെ കാര്‍ മുന്നോട്ടുനീക്കി നിര്‍ത്തിയിരുന്നുവെന്നും വിഷ്ണു പറഞ്ഞു. എന്നാൽ, ആളുകള്‍ ഓടിക്കൂടുന്നതു കണ്ടതോടെ ഭയന്നു. പരുക്കേറ്റവരുടെ അവസ്ഥ കൂടി മനസിലായതോടെ പരിഭ്രാന്തനായി. തുടര്‍ന്ന് ആരോടും പറയാതെ കാര്‍ ഓടിച്ചുപോകുകയായിരുന്നുവെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. ഇയാൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


